പേജുകള്‍‌

2016 ഡിസംബർ 24, ശനിയാഴ്‌ച

ഒരു ദിവസം അവര്‍ വരും..


കഥ ഇതുവരെ:

അന്ന് എന്നത്തേയും പോലെ
അസാധാരണമായി
ഒന്നും സംഭവിക്കാത്ത ഒരു പ്രഭാതം!
പ്രത്യാശയുടെ കിരണങ്ങളുമായി
സൂര്യന്‍ കിഴക്ക്
കൃത്യസമയത്തു തന്നെ ഉദിച്ചു.

*** *** ***

ഇതുപോലെ പ്രശാന്തമായ
ഒരു ദിവസം അവര്‍ വരും
'മൂന്നു പൊലീസുകാര്‍'
ശുഭ്രവസ്ത്രധാരികള്‍
ഒറ്റനോട്ടത്തില്‍‌ മാലാഖമാരെപ്പോലെ
അകംപുറം പരിശുദ്ധം.

തുടര്‍ന്നു വായിക്കാം-

അധികമൊന്നുമില്ല,
എണ്ണത്തില്‍ വെറും മൂന്നേ മൂന്നു പൊലീസുകാര്‍.
സാധാരണ വേഷത്തില്‍
ഇളം പുഞ്ചിരി തൂകിക്കൊണ്ടു
ഹൃദ്യവും സമ്പന്നവുമായ പെരുമാറ്റം.
പക്ഷേ, അവരുടെ കൈയില്‍ ചങ്ങലയും ചൂരലും
കളിത്തോക്കുമുണ്ടാകാം
അവനെ അന്വേഷിക്കും-
വീടുവിട്ടുപോയവനെ,
കിളിവാതിലിലൂടെ പ്രഭാതം അന്വേഷിക്കുന്നവനെ,
പിന്നെ അവന്റെ പ്രിയപ്പെട്ട കൂട്ടുകാരിയേയും.

നിന്നെ അവര്‍ സൂക്ഷിച്ചു നോക്കും,
മുടിയില്‍ പിടിച്ചു വലിക്കും,
ബൂട്സ് കൊണ്ടു നിന്റെ ഗര്‍ഭപാത്രത്തില്‍ തട്ടിനോക്കും.
ഒരിക്കലും നമുക്കവരെ കുറ്റം പറയാനോ,
ശപിക്കാനോ അവകാശമില്ല (അധികാരവുമില്ല).
അത്യാവശ്യമെങ്കില്‍ ഇതവരുടെ 'കൃത്യനിര്‍വ്വണം'
എന്നുമാത്രം പറഞ്ഞൊഴിയാം,
അതും അടഞ്ഞ ശബ്ദത്തില്‍.
ചെവികേള്‍ക്കാത്ത നിന്റെ അമ്മായിഅമ്മയെ
'തള്ള' എന്നു നീട്ടി വിളിക്കും.
'മിണ്ടാതെ അവിടെ എവിടെയെങ്കിലും ചുരുണ്ടുകൂടി കിടന്നോ'
-എന്നു താക്കീതു നല്‍കും.

ഒരു ദിവസം അവര്‍ വരും, പട്ടാളക്കാര്‍.
(നാട്ടില്‍ അരാജകത്വം തുടച്ചുനീക്കി ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍)
എണ്ണിത്തിട്ടപ്പെടുത്താനൊന്നും കഴിയാത്ത വിധം
കാലൊച്ചകളുടെ സമുദ്രം.
രാജ്യത്തിന്റെ അതിര്‍ത്തികള്‍,
അവരുടെ കൈകളിലത്രേ സുരക്ഷിതമായിരിക്കുന്നത്.
നിന്നെ നടുവിലകത്തു കൂടി വലിച്ചിഴച്ച് ഉമ്മറത്തേക്കു കൊണ്ടുവരും.
'വിധ്വംസക' പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായ ഈ വീട്
രാഷ്ട്രത്തിന് വേണ്ടി,
വാതിലുകള്‍ ഉച്ചത്തില്‍ തുറന്നടച്ചു-
ഭദ്രമായി പൂട്ടി മുദ്രവെക്കും.
നിന്റെ കണ്ണില്‍ ചുട്ടു പൊള്ളുന്ന അരക്കൊഴിക്കും.
നിന്റെ പിണങ്ങുന്ന മുലകളെ
മൂര്‍ച്ചയുള്ള കത്തികള്‍കൊണ്ടു പതുക്കെ,
പതുക്കെ അരിഞ്ഞെടുക്കും.
മുറിവുണങ്ങാന്‍ പച്ചമുളകരച്ചു പുരട്ടും

ഒരു ദിവസം അവര്‍ വരും
അവര്‍ ആരെന്നു നിനക്കൊരിക്കലും മനസ്സിലാവുകയുമില്ല
നീ അന്ധയും ബധിരയും മൂകയും കാലത്തിന് വേണ്ടി
അണിഞ്ഞൊരുങ്ങി കാത്തുനില്‍ക്കുന്നവളുമല്ലേ...

(തേജസ് 2003 ജനുവരി 16-31)

2016 ജൂൺ 9, വ്യാഴാഴ്‌ച

തിരശ്ശീല



തിരശ്ശീലയ്ക്കും പറയാന്‍
ഒരുപാടുണ്ട് കഥകള്‍
കാറ്റ് വന്നെന്നും
സൂര്യന്‍ ഉദിച്ചില്ലെന്നും
അത് പറയും.
ഒന്ന് നേര്, മറ്റൊന്ന് നുണ
പ്രപഞ്ചം നിറയെ വിടര്‍ന്നു വരുന്ന
വെളിച്ചത്തെ വാതിലിന് പുറത്ത്
തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യും
തിരശ്ശീലയെ കാറ്റ് തിരകളാക്കും
പിന്നെ കൈക്കുടന്നയില്‍ വാരിയെടുത്ത്
പൊക്കില്‍ചുഴിയിലുമ്മകൊടുത്തുന്മാ-
ദത്തിലേക്ക് പറത്തിവിടും.
പൊടുന്നനെ വെളിച്ചം
നടുവിലകത്ത് നൃത്തം ചെയ്യും
ഇടയ്ക്ക് കയറി തിരശ്ശീല ഭംഗിയായി
നിശ്ശബ്ദമായി കള്ളം പറയും-
ആരും അകത്തില്ലെന്ന്
ആരും അകത്തേക്ക് വരരുതെന്നും.
ഒരു ചിലമ്പൊലി
വളപ്പൊട്ടുകള്‍ വീണു ചിതറുന്നത് പോലെ
ഒരു കൂട്ടച്ചിരി.
തിരശ്ശീലയെ അതിഥികള്‍
ഇരുവശങ്ങളിലേക്കും
വകഞ്ഞുമാറ്റും
വീട്ടമ്മ സ്വപ്നങ്ങളും
മൂളിപ്പാട്ടും, മുന്തിര നിറച്ച
തളികയുമായി ഇത് വഴി കടന്നു
പോകുമ്പോള്‍
തിരശ്ശീല കട്ടുറമ്പാകുന്നു
അവള്‍ ശപിച്ചുകൊണ്ട്
അതിനെ ചുരുട്ടിക്കൂട്ടി മുകളി-
ലേക്കെടുത്തെറിയും.

***     ***
പതിനേഴുകാരി
കാമുകനെ പാര്‍ത്തു നോക്കുന്നത്
കൊച്ചു മകള്‍ യാചകനെ നോക്കി
കരഞ്ഞു നില്‍ക്കുന്നത്
കുടുംബനാഥ ഗൃഹനാഥനെ കാണാതെ
വേപഥു കൊള്ളുന്നത്
സ്കൂള്‍ വിട്ടുവരുന്ന കുട്ടിയുടെ
ചോറ്റുപാത്രവും ബാഗും
അമ്മയിലേക്ക്
കൈമാറ്റപ്പെടുന്നത്...
എല്ലാം ഈ തിരശ്ശീലയുടെ
മറവില്‍.

**** ****
നാടകത്തിനും ജീവിതത്തിനും
മുമ്പില്‍ തിരശ്ശീല ഉയരുന്നു
പ്രണയത്തിനും കലഹത്തിനും
ജാലകത്തിനുമിടയില്‍ അത്
പറന്നു പറന്നു കളിക്കുന്നു.
കാറ്റല്ലാതെ പിന്നെ ആരാണ്
അതിനെ കുഞ്ഞുകരങ്ങള്‍-
കൊണ്ടിക്കിളി കൂട്ടുന്നത്?
നഖമുനകൊണ്ട് മാന്തിക്കീറുന്നത്.