പേജുകള്‍‌

2012 ഓഗസ്റ്റ് 15, ബുധനാഴ്‌ച

ജനജീവിതം സ്‌തംഭിക്കുന്നതെങ്ങനെ?



ജനജീവിതം സ്‌തംഭിക്കുന്നതെങ്ങനെ
കുഞ്ഞുങ്ങള്‍ കരഞ്ഞുകൊണ്ടിരിക്കുന്നു
ആര്‍ത്തലച്ചും കൈകാലിട്ടടിച്ചും..
ബസ്‌ സമരത്തെപ്പറ്റി അവര്‍ക്കൊന്നും
അറിയുകയില്ല
കുഞ്ഞുങ്ങള്‍ പിന്നേയും കരഞ്ഞുകൊണ്ടിരിക്കുന്നു.
തൊഴിലാളികളുടെ വേതന നിരക്കുകളെ-
ക്കുറിച്ചും അവര്‍ക്കറിയില്ല.
മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്നലെ രാത്രി
ടി.ബിയില്‍ വെച്ചു നടന്ന ചര്‍ച്ചകളെകുറിച്ചും.
കുഞ്ഞുങ്ങളുടെ കരച്ചില്‍ പിന്നെയും
ഉച്ചത്തിലാവുന്നല്ലോ!
അമ്മമാരുടെ അപേക്ഷകള്‍
അവര്‍ തിരസ്‌കരിക്കുന്നു.
പിതാക്കളുടെ ശാസനകളേയും ധിക്കരിക്കുന്നു.
മൂന്നു ദിവസമായിട്ടും പാല്‍വണ്ടിയെത്താത്ത-
തെന്തെന്ന്‌ അവര്‍ക്കറിയില്ല,
ജനജീവിതം സ്‌തംഭിക്കുന്നതെങ്ങനെയാണെന്നും.
ഇനിയും അവരെങ്ങനെയാണ്‌ കരയുന്നത്‌?
ചേമ്പിന്‍തണ്ട്‌ പോലെ വാടിത്തളര്‍ന്ന കുഞ്ഞുങ്ങള്‍.... 


                                            കലാം വെള്ളിമാട്‌

ഒരു ചിത്രശലഭ സങ്കടം



ഞാന്‍ അതിര്‍ത്തിയില്‍ പറന്നു കളിക്കുന്ന
വെറുമൊരു പൂമ്പാറ്റ!
എന്റെ ഒരു ചിറക്‌
മഹാഭാരതത്തിന്റെ പതാക
മറുചിറകേതെന്ന്‌
ഞാന്‍ പറയാതെ തന്നെ
നിങ്ങള്‍ക്കറിയാം!

*** *** ***

ചിലപ്പോള്‍ ചിലന്തിവലകളില്‍
ഞാനും കുടുങ്ങിപ്പോകാറുണ്ട്‌.
എന്നാല്‍, വലയറുത്ത്‌ രക്ഷ നല്‍കാന്‍
ഒരു ചുണ്ടെലി പോലും
വന്നെത്താറില്ല.

*** *** ***

കൂടുപേക്ഷിച്ചവള്‍;
എന്നിട്ടും സ്വതന്ത്രയാകാതെ!
ഭൂമിയും ആകാശവും സ്വന്തം
എന്നിട്ടും, സമ്പന്നയാകാതെ.

*** *** ***

എന്നാണ്‌-എന്നാണ്‌
അതിര്‍ത്തികളെ ഇളക്കിമറിക്കുന്ന
ഒരുല്‍സവം വന്നെത്തുന്നത്‌?

*** *** ***

എപ്പഴാണ്‌-എപ്പഴാണ്‌
എന്റെ ഇരു ചിറകുകളും
ഒറ്റപ്പതാകയായി
വര്‍ണപ്പകിട്ടണിയുന്നത്‌

*** *** ***

എങ്കിലും,
പ്രതീക്ഷയോടെ, പ്രത്യാശയോടെ
വെടിയൊച്ചകള്‍ക്കിടയിലൂടെയാണ്‌
ഞാന്‍ പറന്നുകൊണ്ടിരിക്കുന്നത്‌.
നിങ്ങളോ?

                       കലാം വെള്ളിമാട്‌ 

ഭൂമിയുടെ അലങ്കാരങ്ങള്‍




പെണ്ണേ-
നിന്റെ ആഹ്ലാദത്തിലാണ്‌
ഭൂമി തളിര്‍ത്തത്‌.
ആദം മുതല്‍ തുടങ്ങിയ
നിന്റെ ആനന്ദത്തിമര്‍പ്പ്‌
നടനം- ശബ്‌്‌ദമധുരം
ഭൂമി നിറയെ പച്ചപ്പ്‌ പടര്‍ന്നു.
മുന്തിരിവള്ളികള്‍
പനിനീര്‍ച്ചെടികള്‍
പിന്നെയും എനിക്ക്‌
പേരറിയാത്ത എന്തൊക്കെ
ചെടികളും വൃക്ഷങ്ങളും
ഏറെ നാള്‍ കഴിയവെ നീയൊന്ന്‌
പുഞ്ചിരിച്ചു.
നിന്റെ ചിരി ഹൃദയതാളമായി
പച്ചപ്പുകളില്‍ നിറയെ
പൂക്കള്‍ വിരിഞ്ഞു
എന്തൊരു സുഗന്ധം!
തേന്‍തുള്ളികളും
നിലാവിന്റെ ആന്ദോളനവും
മഞ്ഞുതുള്ളികളും
മകരത്തിലെ മരം കോച്ചുന്ന കുളിരും
എന്നാണ്‌ നിന്റെ
കണ്ണുനീര്‍ത്തുള്ളിയും
ശാപവചനങ്ങളും കൂടിക്കുഴഞ്ഞ്‌
മണ്ണിലേക്ക്‌ വീണത്‌?
വയ്യ-
പിന്നെ ഞങ്ങള്‍ ഒന്നുമറിഞ്ഞിട്ടില്ല.
വസന്തവും
സുഗന്ധവുമൊന്നുമൊന്നും.
ഭൂമി വരണ്ടിരിക്കുന്നു.
നിലാവ്‌ വറ്റിയിരിക്കുന്നു
എന്നാണിനി- നീ നിന്റെ
കണ്ണീര്‍ത്തുള്ളികളും
ശാപവചനങ്ങളും
ഭൂമിയില്‍ നിന്ന്‌ തിരിച്ചെടുക്കുന്നത്‌


                                             കലാം വെള്ളിമാട്‌ 

ചിരിയുടെ അനര്‍ഥങ്ങള്‍




മഴയുടെ നാനാര്‍ഥങ്ങള്‍ പോലെ അല്ല
ചിരിയുടെ അനര്‍ഥങ്ങള്‍
അതിലെവിടെയോ നനഞ്ഞ
വെടിമരുന്നിന്റെ ഗന്ധമുണ്ട്‌.
എത്രയെത്ര കൊഴിഞ്ഞുപോയ്‌
ചിലമ്പൊലികള്‍ പോലെ-
കിടപ്പറകളില്‍
നിലാവ്‌ പോലെ-
കടല്‍ത്തീരത്ത്‌
പൊള്ളുന്ന വെയില്‍ പോലെ-
കാമ്പസുകളില്‍
അന്താരാഷ്‌ട്ര വിരുന്നുകളില്‍,
അതിഥികളുടെ കൊലച്ചിരി
ഐസ്‌ക്യൂബുകളില്‍ ചിരി പടരുന്നു
ഐക്യരാഷ്‌ട്രസഭയിലും
ഗ്ലാസ്സുകള്‍ വീണുടയുന്നു.
ചില്ലു തുണ്ടുകള്‍ ചിരിക്കാന്‍ തുടങ്ങുന്നു.

                           കലാം വെള്ളിമാട്‌ 

തടവുകാരന്‍



മുന്നിലൂടെ കടന്നുപോകുന്ന
യാത്രാസംഘം
കുറച്ചങ്ങോട്ടു നീങ്ങി
വിളക്കുകാലിന്റെ ചുവട്ടിലെത്തുമ്പോള്‍
എന്നെപ്പറ്റിയും അഭിപ്രായം പറയാന്‍
തുടങ്ങുകയായി.
മുഖത്ത്‌ നോക്കിപ്പറയുന്നവരെ
മൗനത്തിലേയ്‌ക്കും
മറഞ്ഞുനില്‍ക്കുന്നവരെ
മനസ്സിലേക്കും മാറ്റിനിര്‍ത്തി-
ഇരുവരുമറിയാതെ
ഞാനും പുറത്ത്‌ പോകുന്നു.
ആവശ്യങ്ങളെല്ലാം വിറ്റും, വാങ്ങിയും
ഓടിവന്ന്‌ വീണ്ടും കൂട്ടില്‍കയറി
സാധാരണപോലെ ചിരിക്കുന്നു!
എന്നും ഞാനീ കൂട്ടിലാണെന്നപോലെ
എനിക്കൊന്നും അറിയില്ലെന്ന മട്ടില്‍.


                                      കലാം വെള്ളിമാട്‌ 

ഇടത്താവളം




കുന്നില്‍
കുന്നിലെപ്പര്‍ണ്ണശാലയില്‍
നിന്റെ സ്‌നേഹം
നിറമിഴി പെയ്യുന്ന സാന്ത്വനം
നീളുമൊരു നോട്ടം
കണ്ണീരിലുരുകും മനസ്സിന്റെ തേട്ടം
വെറുതെ- പൊയ്‌മുഖമറിയാതെ
വാഴാന്‍, വല്ലതും പറയാനൊരിടമിത്‌.
തിരകളെക്കാണാതെ, വിരല്‍മുന നനയാതെ
തിരിയിടും കവിതകളുറക്കെ
മൊഴിഞ്ഞും; ഉറക്കമൊഴിയാന്‍
ഇത്‌ നിന്റെ താവളം

ഇടംവലം പിരിഞ്ഞൊഴുകുമിരു
നദികള്‍
അതിലെന്‍ കളിവഞ്ചി.
കളിവഞ്ചിയേറി നീ
തുഴയുവാനറിയാതെ
പങ്കായമില്ലാതെ
സ്വയമേ പകച്ചും
ഓരോന്ന്‌ വെറുതെ നിനച്ചും
ശരികളുടെ നഖമുനകള്‍ കോറിയും
ഭാണ്ഡം മുറുക്കിയും
ഉമ്മറക്കോണിലൊരിളവെയില്‍
കൊണ്ടും മണ്‍തൂണു ചാരി
വെയില്‍ മനസ്സെറിഞ്ഞും
ഇനിയൊരിടത്താവളത്തിന്റെ
സുഖദമാമോര്‍മ്മയെപ്പുല്‍കി
പഴയ രാക്കളെപ്പേര്‍ത്തും
കുന്നിറങ്ങുന്നു പഥികന്‍

കുന്നിന്‍ ചരിവില്‍ നിഴല്‍
വീണിറങ്ങുന്നു
ഈ കുന്ന്‌ നിന്‍ ബാല്യം, യൗവനം, ശൈശവം.
കാലം പിന്മടങ്ങുന്നു.
കവിതയുമായ്‌ കാറ്റില്‍ വളക്കൈകളെത്തുന്നു
എഴുതിരി നിലവിളക്കൂതിക്കളിക്കുന്നു.
ഇനിയുമിടത്താവളങ്ങളെത്ര
കയറിയിറങ്ങി നിനക്ക്‌
നിന്നെക്കാണാനറിയാനറിഞ്ഞുണരാനെത്ര കാലം?
മുഖം കനപ്പിക്കുന്നുണ്ടാരോ മുന്നിലും
പിന്നിലും
കണ്ടില്ലെന്ന്‌ നടിക്കാം- കരളിന്റെ
കാണാക്കയങ്ങളില്‍ മുങ്ങാം.


                                  കലാം വെള്ളിമാട്‌ 

കടല്‍യാത്ര





ഞാന്‍
ഉള്‍ക്കടലില്‍
കൊടുങ്കാറ്റില്‍പ്പെട്ട
കപ്പലിലെ യാത്രക്കാരന്‍.
നീ തോണിക്കാരി.
കറുത്ത തോണിക്കാരി
രക്ഷയുടെ വലയെറിഞ്ഞു
തന്നവള്‍.
ഒപ്പം ചൂണ്ടയില്‍
എന്നെക്കൊരുത്തവളും
നമുക്കിടയില്‍
തിരകളുടെ വന്‍മതില്‍
കലഹത്തിന്റെ പേമാരി
നമ്മുടെ കരയെവിടെ?


                         കലാം വെള്ളിമാട്‌ 

അത്‌ സംഭവിക്കാതിരിക്കാനാണ്‌...




എന്നെ പ്രശംസിക്കാതിരിക്കുക.
ചിലപ്പോള്‍ നിങ്ങളുടെ പ്രശംസയുടെ
ഭാരത്തില്‍ വീര്‍പ്പുമുട്ടി
ഞാന്‍ ചത്തുപോകും.
കവിതയുടെ മരണം
നിങ്ങളാരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ?
അതുകൊണ്ടുതന്നെ നിങ്ങളെന്നെ
അമര്‍ത്തി ആലിംഗനം ചെയ്യരുത്‌,
കൂടുതല്‍ എന്റെ കൈ പിടിച്ചു
കുലുക്കരുത്‌.
പെട്ടെന്ന്‌ കാലുകളില്‍ വീണു മാപ്പപേക്ഷിക്കരുത്‌
എല്ലാം എനിക്ക്‌ അസഹ്യമാണ്‌.
ഞാന്‍ കള്ളം പറയുമ്പോള്‍ കല്ലെറിഞ്ഞകറ്റരുത്‌
ചോദ്യം ചെയ്‌തു ശല്യപ്പെടുത്തരുത്‌
ഉപദേശിച്ചു ബോധം കെടുത്തരുത്‌.
എന്റെ മണ്‍കുടത്തില്‍
ഏഴത്ഭുതങ്ങളുണ്ട്‌, ഒരുപാടു രഹസ്യങ്ങളും.
ഞാന്‍ മണ്‍കുടം മൂടിവെച്ചിരിക്കുന്നു.
ഞാനിതു പറഞ്ഞുവരുന്നത്‌-
നിങ്ങളെന്നെ മറ്റൊരിക്കല്‍
മട്ടുപ്പാവില്‍നിന്ന്‌ അവജ്ഞയുടെ കൂടെ
ചേരിയിലെ ചപ്പുചവറിലേയ്‌ക്കു
വലിച്ചെറിയും
-അതു സംഭവിക്കാതിരിക്കാനാണ്‌.
അങ്ങിനെ നിങ്ങള്‍
എന്റെ മുകളിലേയ്‌ക്കു കഴുത്തു പൊട്ടിയ
കുപ്പികള്‍ വലിച്ചെറിയും.
കെട്ട പച്ചക്കറികളും
ആവശ്യം കഴിഞ്ഞൊഴിവാക്കുന്ന
കറിവേപ്പിലയും തുപ്പിത്തള്ളും
ഇനിയും ഞെക്കിയെടുക്കാന്‍ ബാക്കിയില്ലാത്ത
ടൂത്ത്‌ പേസ്റ്റിന്റെ ഒഴിഞ്ഞ ട്യൂബ്‌,
നീ കുടിച്ച ടോണിക്കിന്റെ ഇംഗ്ലീഷില്‍
പേരച്ചടിച്ച മനോഹരമായ കാലിപ്പെട്ടികള്‍,
മുട്ടത്തോട്‌,
കെട്ട പാലിന്റെ ദുര്‍ഗന്ധം
ഇതൊക്കെ നീ എടുത്തൊഴിക്കും.
ഒടുവില്‍ നിന്റെ തലയിണയുടെ ചുവട്ടില്‍
നീ സൂക്ഷിച്ച പരിശുദ്ധമായ
'മഞ്ഞപ്പുസ്‌തകം'
കവി എല്ലാം കണ്ടുപോകുന്നവനാണ്‌
അതുകൊണ്ടു നീ
-എന്താണു ചെയ്യേണ്ടതെന്ന്‌...
നീ കവിയെപ്പറ്റി അന്വേഷിക്കരുത്‌,
അവന്നുവേണ്ടി ഉപഹാരങ്ങളുമായി
കാത്തു നില്‍ക്കരുത്‌,
നീ കവിത പറയുന്ന വഴിയിലൂടെ നടന്നു പോകുക
ലക്ഷ്യം അകലെയായിരിക്കും
-നീ കാണുന്നില്ലെന്നും വരാം
എങ്കിലും നീ സഞ്ചരിച്ചു കൊണ്ടിരിക്കുക.
അതിനുവേണ്ടി
കവിതയെ മറക്കുക.


                                      കലാം വെള്ളിമാട്‌ 

നിന്റെ നാഥന്റെ നാമത്തില്‍






പുറത്ത്‌ മുഴുവനും
ഇരുട്ടായിരിക്കുമെന്ന്‌
അവനുറപ്പിച്ചു.
പുറത്തെ ഇരുട്ടിലേക്ക്‌
വെളിച്ചത്തിന്റെ
ഒരു തരിയെങ്കിലും
കണ്ടുകിട്ടുമെന്ന പ്രത്യാശയോടെ
അവന്‍ ഇറങ്ങി നടന്നു.
വന്യമൃഗങ്ങള്‍
അവന്റെ
കാല്‍ക്കീഴിലൂടെ
കടന്നുപോയി.
ഭീതിയുടെയും
ആശങ്കയുടെയും
നിമിഷങ്ങള്‍!
ലോകം മുഴുവന്‍
അവന്‍ നടന്നലഞ്ഞു.
കടല്‍ത്തീരങ്ങളിലും
പര്‍വതങ്ങളിലും ചെന്നു.
അവന്വേഷിച്ച വെളിച്ചം
എവിടെയും ഉണ്ടായിരുന്നില്ല,
പക്ഷേ, ഒരശരീരി കേട്ടു.
കടല്‍ത്തീരകള്‍ എന്തോ
പറയുന്നതുപോലെ.
ഉള്ളിലേക്കു നോക്കുക
നിന്നിലേക്ക്‌ തന്നെ...
അവന്‍ സ്വന്തം മാളത്തില്‍
തിരികെ വന്നു.
തന്റെ തന്നെ ഹൃദയത്തിലേക്ക്‌
കണ്ണോടിച്ചു
അത്ഭുതം!!
ഉലയുന്ന പ്രകാശനാളവുമായി
ഒരു ചെറുവിളക്ക്‌
ഒപ്പം ഒരു വിശുദ്ധഗ്രന്ഥവും
അതില്‍ ഇങ്ങനെ
രേഖപ്പെടുത്തിയിരുന്നു.
''വായിക്കുക, നിന്റെ നാഥന്റെ നാമത്തില്‍...''


                                                        കലാം വെള്ളിമാട്‌ 

അരുതെന്ന്‌ ആരു പറയും?





മുറ്റത്തൊരു പന്തലുയരുന്നു
അതിന്‍ മുമ്പിലൊരഗ്നി കുണ്‌ഠവും
ഒരു പെണ്‍കുട്ടിയെക്കൂടി
കുരുതിക്കൊടുക്കാനൊരു-
ങ്ങുകയാണവര്‍.
അരുതെന്ന്‌ ആരു പറയും
ജ്വല്ലറി ഉടമസ്ഥരോ?


                                 കലാം വെള്ളിമാട്‌ 

ബാക്കി വന്നതില്‍ നിന്ന്‌...






ബാക്കി വന്നതില്‍ നിന്നെടുക്കുക,
വാക്കുകള്‍, മഴ, സങ്കടം, നിള
ബാക്കി വന്നതില്‍ നിന്ന്‌ മായ്‌ക്കുക,
പച്ചകള്‍ മാഞ്ഞ പിച്ചകപ്പൂക്കള്‍
നേരിലേ കനം- നീതിതന്‍ കണം
ചോര ചിന്തിയ രാവുകള്‍- പക
യാഗമെത്ര നാം പെയ്‌തു സന്ധ്യയില്‍
പ്രാര്‍ത്ഥനാ വിളക്കെത്ര നാളങ്ങള്‍
തൂക്കമൊപ്പിച്ചു നല്‍കി ദാനങ്ങള്‍
കണ്ണുനീര്‍ കരള്‍നൊന്തപാട്ടുകള്‍
ബാക്കി വന്നതില്‍ നിന്നെടുക്കുക
വാക്കുകള്‍- മഴ- സങ്കടം- നിള...



                                                        കലാം വെള്ളിമാട്‌ 

അങ്ങനെയിരിക്കെ ഒരു ദിവസം




അവരുടെ ഹൃദയം
നിറഞ്ഞ്‌ തുളുമ്പുന്നു
കണ്ണീര്‌ വീണും
കിനാവ്‌ കണ്ടും
കരിപിടിച്ചും
പുകപറ്റിയും
അവളുടെ ഹൃദയം

സ്‌ത്രീധനത്തിന്റെ തുകയെണ്ണി
പണ്ടങ്ങളുടെ തിളക്കം തട്ടി
കഥ പറഞ്ഞ്‌ മയക്കിയെടുക്കുന്ന
പൂവാലന്മാരുടെ ചിരിയില്‍
സമയം തെറ്റിയെത്തി
മുറ്റത്തു വീഴുന്ന അച്ഛന്റെ നെടുവീര്‍പ്പില്‍
അമ്മയുടെ ദുര്‍ന്നടപ്പ്‌
ആങ്ങളയുടെ വിപ്ലവചിന്തകള്‍
അമ്മായിഅമ്മയുടെ എണ്ണിപ്പെറുക്കലുകള്‍
നാത്തുന്മാരുടെ കുത്തുവാക്കുകള്‍
അങ്ങനെയിരിക്കെ ഒരു ദിവസം....

ഒരു ദിവസം അവളൊരു
കയര്‍ സ്വപ്‌നം കാണുന്നു.
അടുത്ത ദിവസം
വിണ്ടു കീറിയ കിണര്‍
പിന്നെ
അലറിച്ചിരിക്കുന്ന സമുദ്രം
ചിന്തകളെല്ലാം അടിച്ചുതുത്ത്‌
വൃത്തിയാക്കി
കലങ്ങിച്ചുവന്ന കണ്ണുകളുമായി
അന്ന്‌ രാത്രിയും
വളരെ വൈകി
അവളുറങ്ങാന്‍ കിടക്കുന്നു.
അങ്ങിനെ-
അവളുടെ മനസ്സിലും
ഒരു സ്റ്റൗ പൊട്ടിത്തെറിക്കുന്നു,
പിന്നെ, ഹൃദയം
പതച്ച്‌ തൂക്കുന്നു.


                                                       കലാം വെള്ളിമാട്‌ 

അകത്തും പുറത്തും








                                    ഞാന്‍ പുറത്ത്‌
                                    പോകുമ്പോള്‍
                                    അകത്ത്‌ നീയുണ്ട്‌.
                                    ഞാന്‍
                                    അകത്താകുമ്പോള്‍
                                    പുറത്ത്‌
                                    നിന്റെ കാവലുണ്ട്‌.
                                    സൃഷ്‌ടികളില്‍ പിന്നെ
                                    ഞാനാരെ- എന്തിന്‌
                                    ആര്‍ക്കുവേണ്ടി
                                    ഭയപ്പെടണം?

                                                         കലാം വെള്ളിമാട്‌