എന്നെ പ്രശംസിക്കാതിരിക്കുക.
ചിലപ്പോള്‍ നിങ്ങളുടെ പ്രശംസയുടെ
ഭാരത്തില്‍ വീര്‍പ്പുമുട്ടി
ഞാന്‍ ചത്തുപോകും.
കവിതയുടെ മരണം
നിങ്ങളാരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ?
അതുകൊണ്ടുതന്നെ നിങ്ങളെന്നെ
അമര്‍ത്തി ആലിംഗനം ചെയ്യരുത്,
കൂടുതല്‍ എന്റെ കൈ പിടിച്ചു
കുലുക്കരുത്.
പെട്ടെന്ന് കാലുകളില്‍ വീണു മാപ്പപേക്ഷിക്കരുത്
എല്ലാം എനിക്ക് അസഹ്യമാണ്.
ഞാന്‍ കള്ളം പറയുമ്പോള്‍ കല്ലെറിഞ്ഞകറ്റരുത്
ചോദ്യം ചെയ്‌തു ശല്യപ്പെടുത്തരുത്
ഉപദേശിച്ചു ബോധം കെടുത്തരുത്.
എന്റെ മണ്‍കുടത്തില്‍
ഏഴത്ഭുതങ്ങളുണ്ട്, ഒരുപാടു രഹസ്യങ്ങളും.
ഞാന്‍ മണ്‍കുടം മൂടിവെച്ചിരിക്കുന്നു.
ഞാനിതു പറഞ്ഞുവരുന്നത്-
നിങ്ങളെന്നെ മറ്റൊരിക്കല്‍
മട്ടുപ്പാവില്‍നിന്ന് അവജ്ഞയുടെ കൂടെ
ചേരിയിലെ ചപ്പുചവറിലേയ്‌ക്കു
വലിച്ചെറിയും
-അതു സംഭവിക്കാതിരിക്കാനാണ്.
അങ്ങിനെ നിങ്ങള്‍
എന്റെ മുകളിലേയ്‌ക്കു കഴുത്തു പൊട്ടിയ
കുപ്പികള്‍ വലിച്ചെറിയും.
കെട്ട പച്ചക്കറികളും
ആവശ്യം കഴിഞ്ഞൊഴിവാക്കുന്ന
കറിവേപ്പിലയും തുപ്പിത്തള്ളും
ഇനിയും ഞെക്കിയെടുക്കാന്‍ ബാക്കിയില്ലാത്ത
ടൂത്ത് പേസ്റ്റിന്റെ ഒഴിഞ്ഞ ട്യൂബ്,
നീ കുടിച്ച ടോണിക്കിന്റെ ഇംഗ്ലീഷില്‍
പേരച്ചടിച്ച മനോഹരമായ കാലിപ്പെട്ടികള്‍,
മുട്ടത്തോട്,
കെട്ട പാലിന്റെ ദുര്‍ഗന്ധം
ഇതൊക്കെ നീ എടുത്തൊഴിക്കും.
ഒടുവില്‍ നിന്റെ തലയിണയുടെ ചുവട്ടില്‍
നീ സൂക്ഷിച്ച പരിശുദ്ധമായ
'മഞ്ഞപ്പുസ്‌തകം'
കവി എല്ലാം കണ്ടുപോകുന്നവനാണ്
അതുകൊണ്ടു നീ
-എന്താണു ചെയ്യേണ്ടതെന്ന്...
നീ കവിയെപ്പറ്റി അന്വേഷിക്കരുത്,
അവന്നുവേണ്ടി ഉപഹാരങ്ങളുമായി
കാത്തു നില്‍ക്കരുത്,
നീ കവിത പറയുന്ന വഴിയിലൂടെ നടന്നു പോകുക
ലക്ഷ്യം അകലെയായിരിക്കും
-നീ കാണുന്നില്ലെന്നും വരാം
എങ്കിലും നീ സഞ്ചരിച്ചു കൊണ്ടിരിക്കുക.
അതിനുവേണ്ടി
കവിതയെ മറക്കുക.
കലാം വെള്ളിമാട്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ